ഹൃദയാരോഗ്യം പ്രധാനം
പെട്ടെന്നുള്ള ഹൃദയാഘാതത്തിന് ഉയർന്ന കൊളസ്ട്രോൾ, പുകവലി, രക്തസമ്മർദം, പ്രമേഹം, അരവണ്ണം കൂടുതൽ, വിഷാദം, മാനസിക സമ്മർദം, ഭക്ഷണത്തിലെ തകരാറുകൾ, വ്യായാമക്കുറവ്, മദ്യത്തിന്റെ ഉപയോഗം എന്നീ പരിഹരിക്കാവുന്ന ഒമ്പതു കാരണമുണ്ട്. ചെറുപ്പക്കാർക്കിടയിലെ ഫാസ്റ്റ് ഫുഡ് ശീലത്തോടൊപ്പം വ്യായാമക്കുറവ്, ജോലിസ്ഥലത്തെ സമ്മർദം എന്നിവയും ഹൃദയാഘാത കാരണമാകുന്നു. തെറ്റായ ഭക്ഷണരീതിയാണ് ഏകദേശം 30 ശതമാനം ഹൃദ്‌രോഗത്തിനു കാരണം. ഹൃദയാരോഗ്യത്തിനായി ശരിയായ ഭക്ഷണം കൃത്യമായ അളവിൽ കഴിക്കുന്നതോടൊപ്പം ഉപ്പ്, പഞ്ചസാര, ട്രാൻസ്‌ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം നന്നായി കുറയ്ക്കേണ്ടതുമുണ്ട്. നാരുകൾ അടങ്ങിയ ഭക്ഷണം, പഴവർഗങ്ങൾ, നട്ട്സ് എന്നിവയ്ക്ക് മുൻതൂക്കം നൽകണം. സമീകൃതാഹാരത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളണം. ദിവസേനയുള്ള വ്യായാമം (ചുരുങ്ങിയത് 30 മിനിറ്റ്), ശരിയായ ഉറക്കം (7–-8 മണിക്കൂർ) എന്നിവ ഹൃദയാരോഗ്യത്തിന് പ്രധാനം.
ഇന്ത്യയിലെ 25 ശതമാനം ഹൃദയാഘാതവും പെട്ടെന്നുണ്ടാകുന്നത് 45 വയസ്സിൽ താഴെയുള്ളവരിലാണ്. കൃത്യമായ ലക്ഷണങ്ങൾ എല്ലായ്‌പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ നാരുകൾ 30 ഗ്രാം വേണം. മൊത്തം കൊളസ്ട്രോൾ 200 മില്ലി ഗ്രാമിൽ അധികമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധവേണം. കലോറി കുറഞ്ഞ ഭക്ഷണം (തൈര്, ചീര, മത്തിക്കറി, കാബേജ്) ഉൾപ്പെടുത്തണം.
0 comments