ചാവേർ ഡ്രോണുകൾ പരീക്ഷിച്ച് ഉത്തര കൊറിയ
By Muhammed Shabeer
Published on Nov 18, 2024, 10:49 AM | 1 min read
പ്യോങ്‌യാങ് > ഉഗ്രസ്ഫോടന ശേഷിയുള്ള ചാവേർ ഡ്രോണുകൾ പരീക്ഷിച്ച് ഉത്തരകൊറിയ. ആയുധങ്ങളുടെ വൻതോതിലുള്ള ഉൽപ്പാദനം വർധിപ്പിക്കാൻ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ആഹ്വാനം ചെയ്തതായി സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ലക്ഷ്യസ്ഥാനത്ത് ഇടിച്ച് സ്വയം പൊട്ടിത്തെറിച്ച് ഇല്ലാതാവുന്നയാണ് ചാവേർ ഡ്രോണുകൾ.
ഡ്രോണുകൾ വിവിധ റൂട്ടുകളിൽ പറന്ന് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് ഒരു ബിഎംഡബ്ല്യു സെഡാൻ നശിപ്പിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.
നിരവധി സൈനിക പ്രവർത്തനങ്ങൾക്കായി കുറഞ്ഞ ചെലവിൽ ഡ്രോണുകൾ നിർമ്മിക്കാൻ എളുപ്പമാണെന്നും ആധുനിക യുദ്ധത്തിൽ ഡ്രോണുകൾ എങ്ങനെയാണ് നിർണായകമാകുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കിം ജോങ് ഉൻ പറഞ്ഞു.
അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ചേർന്ന് ഉത്തരകൊറിയക്കെതിരായി സൈനികാഭ്യാസങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് സ്ഫോടനാത്മക ഡ്രോണുകളുടെ പരീക്ഷണം. ഈയാഴ്ച പെറുവിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ യോഗങ്ങളിൽ ദക്ഷിണ കൊറിയൻ, യുഎസ്, ജപ്പാൻ ഭരണാധികാരികൾ തമ്മിലുള്ള ത്രികക്ഷി ഉച്ചകോടിയിൽ ഉത്തര കൊറിയ ഒരു പ്രധാന വിഷയമാകുമെന്ന് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ തേ-യൂലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഏഷ്യ പസഫിക് ഇക്കണോമിക് കോപ്പറേഷന്റെ (എപിഇസി) ഭാഗമായി വ്യാഴാഴ്ച കൂടിക്കാഴ്‌ച നടത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. ഈ വിക്ഷേപണത്തിൽ ഉത്തര കൊറിയക്ക് സാങ്കേതിക വൈദഗ്ധ്യം നൽകാൻ റഷ്യ മുൻകയ്യെടുത്തതായി ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. ഉക്രെയ്‌ൻ റഷ്യ യുദ്ധത്തിൽ റഷ്യയിലേക്ക് സൈന്യത്തെ അയക്കുന്നതിന് പകരമായി റഷ്യയിൽ നിന്ന് പുതിയ ഐസിബിഎം സാങ്കേതികവിദ്യ ഉത്തര കൊറിയ സ്വന്തമാക്കുമെന്നാണ് ഇക്കാര്യത്തിൽ ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി പ്രതികരിച്ചത്.
0 comments