സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കണം : മന്ത്രി ബാലഗോപാൽ
By Rithu S N
Published on Nov 18, 2024, 11:38 AM | 1 min read
തിരുവനന്തപുരം: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വർധിച്ചുവരുന്ന അസന്തുലിതാവസ്ഥ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹരിക്കുകയുമാണ് കേരളം സംഘടിപ്പിക്കുന്ന ധനമന്ത്രിമാരുടെ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പൊതുആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിനെ ബാധിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പല സംസ്ഥാനങ്ങളും നേരിടുകയാണ്.
പൊതുചെലവിന്റെ 62 ശതമാനം സംസ്ഥാനങ്ങൾ വഹിക്കുന്ന സാഹചര്യത്തിൽ ആസൂത്രണ കമീഷൻ നിർത്തലാക്കൽ, ജിഎസ്ടി ഏർപ്പെടുത്തൽ, സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വയംഭരണാവകാശം കൂട്ടത്തോടെ തകർക്കുന്ന ധനപരമായ അധികാര കേന്ദ്രീകരണം തുടങ്ങിയവ പ്രതികൂല ഘടകങ്ങളാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറലിസം പുനഃസ്ഥാപിക്കാനും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്വം ഫലപ്രദമായി നിർവഹിക്കാൻ അധികാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള പരിഷ്‌കാരങ്ങൾ ആവശ്യമാണ്.
ഈ അസന്തുലിതാവസ്ഥ പരിഹരിക്കുകയും യഥാർഥ സഹകരണ ഫെഡറലിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാകണം പതിനാറാം ധനകമീഷൻ ശുപാർശകൾ. സംസ്ഥാനങ്ങൾക്കായുള്ള ഡിവിസിവ് പൂളിന്റെ 50 ശതമാനമെങ്കിലും തുല്യമായ വിഹിതം വേണം. സാമ്പത്തിക ബുദ്ധിമുട്ട് തടയാൻ സെസ്, സർചാർജുകൾ എന്നിവയുടെ പരിധി നിശ്ചയിക്കണം. ഭാവിയിലേക്കുള്ള കൂടുതൽ സന്തുലിതവും ഫലപ്രദവുമായ സാമ്പത്തിക ചട്ടക്കൂട് രൂപപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കോൺക്ലേവെന്നും ധനമന്ത്രി പറഞ്ഞു.
0 comments