പതിനാറാം ധനകമ്മീഷനും കേരളവും
By John Joseph
Published on Nov 18, 2024, 06:32 PM | 3 min read
പതിനഞ്ചാം ധനകമീഷൻ അവാർഡുകാലം 2026 മാർച്ചിൽ അവസാനിക്കും. ഏപ്രിൽ ഒന്നുമുതൽ പുതിയ ധനകമീഷൻ തീർപ്പ് നടപ്പിൽ വരണം. 16–-ാം ധന കമീഷൻ ഉടനടി രൂപീകരിക്കപ്പെടും. നികുതി വിഹിതത്തിൽ കേരളം വലിയ വിവേചനം നേരിട്ട കാലമാണ് 15–-ാം ധനകമീഷൻ കാലം. എല്ലാ സംസ്ഥാനത്തിനുമുള്ള യഥാർഥ വിഭവക്കൈമാറ്റവും 2020–-2024ൽ ഇടിയുകയാണ് ചെയ്തത്.
കീശ കവരുന്ന കേന്ദ്രം
സെസുകളും സർച്ചാർജുകളും ഒഴികെയുള്ള കേന്ദ്ര നികുതിവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതാണ്. ഇതിനാണ് ഡിവിസിബിൾ പൂൾ എന്നുപറയുന്നത്. ഇതിൽ കേന്ദ്രത്തിന് എത്ര, സംസ്ഥാനങ്ങൾക്ക് എത്ര എന്നു തീരുമാനിക്കുന്നതും അതു സംസ്ഥാനങ്ങൾക്ക് പങ്കുവയ്ക്കുന്നതും ധനകമീഷനാണ്. 13–-ാം ധനകമീഷൻ കാലത്തെ 32 ശതമാനം സംസ്ഥാന വിഹിതം 14–-ാം ധനകമീഷനായപ്പോൾ 42 ശതമാനമായി ഉയർന്നു. ഇപ്പോൾ സംസ്ഥാനങ്ങളുടെ വിഹിതം 41 ശതമാനമാണ്. സംസ്ഥാനങ്ങളുടെ വിഹിതം ഗണ്യമായി ഉയർന്നെന്ന പ്രതീതിയാണ് ഈ മാറ്റം ഉണ്ടാക്കുന്നത്.
എന്നാൽ, വസ്തുതകൾ അങ്ങനെയല്ല. 2020–-2024ൽ ആകെ കേന്ദ്രനികുതി വരുമാനത്തിന്റെ 31 ശതമാനംമാത്രമാണ് സംസ്ഥാനങ്ങൾക്ക് യഥാർഥത്തിൽ കൈമാറിയത്. തൊട്ടുമുമ്പ് ഇത് 35 ശതമാനമായിരുന്നു. ഇതിനു കാരണങ്ങളുണ്ട്. ധനകമീഷൻ വിഹിതം ഉയർത്തിയപ്പോൾ പ്ലാനിങ് കമീഷൻ വിഹിതം നിർത്തി. പ്ലാനിങ് കമീഷൻ തന്നെ അവസാനിപ്പിച്ചു. 2011–-2012ൽ കേന്ദ്രസർക്കാരിന്റെ ആകെ നികുതി വരവിന്റെ 10.4 ശതമാനമായിരുന്ന സെസുകളും സർച്ചാർജുകളും 2021–-2022 ആയപ്പോൾ 28.1 ശതമാനമായി ഉയർന്നു. എണ്ണയുടെ മേലുള്ള അധിക നികുതിയുടെ ഗണ്യമായ പങ്കും സെസുകളും സർച്ചാർജുകളുമായി ഈടാക്കുന്നത് അവ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടതില്ല എന്നതിനാലാണ്. സംസ്ഥാനങ്ങൾക്കുള്ള യഥാർഥ കൈമാറ്റം കുറയുന്നതിന്റെ കാരണം ഇതാണ്. വാസ്തവത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ കീശ കവരുകയാണ്. ഈ ദുരവസ്ഥ 16–-ാം ധനകമീഷൻ തിരുത്തണം. സെസുകളും സർച്ചാർജുകളും പരമാവധി 10 ശതമാനമെന്നു നിജപ്പെടുത്തണം. ഈ തിരുത്തലിനു വേണ്ട യോജിച്ച സമ്മർദം സംസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉയരേണ്ടതുണ്ട്. ഈയൊരു സമവായം ഉണ്ടാക്കുന്നതിന് കേരളം മുൻകൈയെടുക്കണം.
കുരുക്കാകുന്ന നേട്ടങ്ങൾ
ഇതിനുപുറമെ കേരളം വലിയ വിവേചനമാണ് കഴിഞ്ഞ ഏതാനും ധനകമീഷനുകളായി നേരിടുന്നത്. 10–-ാം ധനകമീഷൻ കാലത്ത് സംസ്ഥാനങ്ങളുടെ ആകെ വിഹിതത്തിന്റെ 3.9 ശതമാനമായിരുന്നു കേരളത്തിന്റെ നികുതി വിഹിതം. ഇപ്പോൾ 1.9 ശതമാനം മാത്രം. ഇത് എങ്ങനെ സംഭവിക്കുന്നു? സംസ്ഥാന വിഹിതം പങ്കുവയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേരളത്തിനു പ്രതികൂലമാകുന്ന സ്ഥിതിയാണ്. നമ്മുടെ പ്രത്യേക പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നുമില്ല.
ഓരോ സംസ്ഥാനത്തിന്റെയും വിഭവ ആവശ്യം, സംസ്ഥാനങ്ങൾക്കിടയിലെ തുല്യത, പ്രവർത്തനമികവ് എന്നിവയാണ് പൊതുവിൽ സംസ്ഥാന വിഹിതം പങ്കുവയ്ക്കുന്നതിനു പരിഗണിക്കുന്ന ഘടകങ്ങൾ. ജനസംഖ്യ, വിസ്തൃതി, കാതൽ വനവിസ്തൃതി എന്നിവയാണ് ‘ആവശ്യം’ അളക്കുന്നതിന് 15–-ാം ധനകമീഷൻ പരിഗണിച്ചത്. ഇവിടെ ജനസംഖ്യയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സംസ്ഥാന വിഹിതം പങ്കിടുന്നതിൽ ജനസംഖ്യക്ക് 15 ശതമാനമാണ് വെയിറ്റ്. നികുതി വിഹിതത്തിൽ 15 ശതമാനം സംസ്ഥാനങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായിട്ടായിരിക്കും വീതിക്കുക എന്നർഥം. ആറാം ധനകമീഷൻ കാലംമുതൽ നികുതി പങ്കിടുന്നതിനു പരിഗണിച്ചുപോന്നത് 1971ലെ ജനസംഖ്യയാണ്. ജനസംഖ്യാ നിയന്ത്രണം ഒരു ദേശീയ ലക്ഷ്യമായി വന്ന കാലത്ത് കേന്ദ്രം നൽകിയ വാക്കായിരുന്നു ഇത്. എന്നാൽ, 15–-ാം ധനകമീഷൻ 2011ലെ ജനസംഖ്യയാണ് കണക്കിലെടുത്തത്. കേന്ദ്ര സർക്കാർ പരിഗണനാ വിഷയങ്ങളിൽത്തന്നെ ഈ മാറ്റം പറഞ്ഞിരുന്നു എന്നതും മനസ്സിലാക്കണം. ഇതുകൊണ്ട് നമുക്ക് എന്ത് നഷ്ടം? 1971ൽ കേരള ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ 3.96 ശതമാനം ഉണ്ടായിരുന്നു. പിന്നീട് ഇങ്ങോട്ട് കേരളം ജനനനിരക്ക് നിയന്ത്രിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചു. അങ്ങനെ ഇപ്പോൾ 2.835 ശതമാനമായി. അത് ഇനിയും കുറയുകയാണ് ചെയ്യുക. നികുതി വിഭജനത്തിനായി 2011ലെ ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നമ്മുടെ വലിയൊരു നേട്ടം നമുക്ക് ദോഷമായി മാറുന്നു.
ഈ മാറ്റം ജനസംഖ്യയെന്ന മാനദണ്ഡത്തിനുള്ള 15 ശതമാനത്തെ മാത്രമല്ല ബാധിക്കുന്നത്. ‘തുല്യത’യാണ് നികുതി പങ്കിടുന്നതിൽ ഏറ്റവുമുയർന്ന ഊന്നൽ, വെയിറ്റുള്ള മാനദണ്ഡം. സംസ്ഥാനങ്ങൾക്ക് കൈമാറുന്ന ആകെ നികുതിയുടെ 45 ശതമാനവും ഈ മാനദണ്ഡം അനുസരിച്ചാണ് പങ്കുവയ്ക്കുക. പ്രധാന സംസ്ഥാനങ്ങളിൽ പ്രതിശീർഷ വരുമാനത്തിൽ ഒന്നാമതുള്ള ഹരിയാനയുമായി ഓരോ സംസ്ഥാനത്തിനുമുള്ള അന്തരമെടുക്കുന്നു. പ്രതിശീർഷ വരുമാനത്തിൽ കേരളം രണ്ടാം സ്ഥാനത്താണ്. ഇത് 2011ലെ ജനസംഖ്യക്ക് ആനുപാതികമാക്കുകയും ചെയ്യുന്നു. ഉയർന്ന പ്രതിശീർഷ വരുമാനവും കുറഞ്ഞ ജനസംഖ്യാ വിഹിതവും ചേരുമ്പോൾ ഈ 45 ശതമാനത്തിൽ കേരളത്തിന്റെ നഷ്ടം വളരെ വലുതായി. 2011ലെ ജനസംഖ്യ മാനദണ്ഡമാക്കിയത് ആകെ വിഹിതത്തെ ബാധിക്കുന്നത് ഇങ്ങനെയാണ്. ജനസംഖ്യയുടെ പങ്ക് കുറഞ്ഞു. പ്രതിശീർഷവരുമാനം ഉയർന്നു. ഇത് രണ്ടും രണ്ടു പ്രധാന മാനദണ്ഡങ്ങൾ നമുക്ക് പ്രതികൂലമാക്കി. ജനസംഖ്യാ നിയന്ത്രണത്തിനുള്ള 12.5 ശതമാനം വെയിറ്റ് 60 ശതമാനം വെയിറ്റുള്ള മേഖലകളിലെ കനത്ത നഷ്ടംമൂലം നിഷ്പ്രഭമായി.
മാറുന്ന ആവശ്യങ്ങൾ,
മാറാത്ത മാനദണ്ഡങ്ങൾ
ജനസംഖ്യാ മാറ്റങ്ങൾ പോലെയുള്ള നേട്ടങ്ങളുണ്ടാക്കുന്ന പരാധീനതകളുമുണ്ട്. പ്രായമായവരുടെ ക്ഷേമം, ഉയർന്ന രോഗാതുരത തുടങ്ങി ചെലവേറെയുള്ള പുതിയ പ്രശ്നങ്ങൾ. ഉയർന്ന വനവിസ്തൃതി മാനവ സമൂഹത്തിനുതന്നെ നാം നൽകുന്ന സംഭാവനയാണ്. പക്ഷേ, അതുണ്ടാക്കുന്ന ചെലവുകൾ ചില്ലറയല്ല. വനസംരക്ഷണം, വനാതിരുകളിലെ മനുഷ്യരുടെ ജീവിതവും ജോലിയും മനുഷ്യ–- വന്യജീവി സംഘർഷം തുടങ്ങി സവിശേഷമായ ഒട്ടനവധി പുതിയ പ്രശ്നങ്ങൾ. 12–-ാം ക്ലാസ് വരെയുള്ള സാർവത്രിക വിദ്യാഭ്യാസം ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മുതൽമുടക്ക് അനിവാര്യമാക്കുന്നുണ്ട്. അഭ്യസ്തവിദ്യരുടെ അഭിരുചികൾക്കും ആഗ്രഹങ്ങൾക്കുമൊത്ത തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുക എന്നതും ഒരു സവിശേഷ പ്രശ്നമാണ്. പാതിയോളം വരുന്ന നഗരജനസംഖ്യ ഉയർന്ന പശ്ചാത്തലസൗകര്യ മുതൽമുടക്ക് ആവശ്യമാക്കുന്ന ഒരു മാറ്റമാണ്. പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണം അവയുടെ വിഭവാവശ്യം കൂട്ടുകയാണ് ചെയ്യുന്നത്. നേട്ടങ്ങളെല്ലാം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അല്ലാതെ കേരളം പ്രശ്നരഹിത പ്രദേശമായി മാറുകയല്ല ചെയ്യുന്നത്. ദൈർഘ്യമേറിയ തീരവും ഉയർന്ന വർഷപാതവുംമൂലം കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഉയർന്നതോതിൽ ബാധിക്കുന്ന സ്ഥലവുമാണ് കേരളം. ഈ വെല്ലുവിളിയെ പ്രതിരോധിക്കുന്നതിനും വലിയ ചെലവുണ്ട്.
കേരളത്തിന്റെ സവിശേഷ വിഭവ ആവശ്യങ്ങൾ വിഭവവിന്യാസത്തിൽ പരിഗണിക്കപ്പെടുന്നില്ല. വികസനദശയിലെ വ്യത്യസ്തത കേരളത്തിന്റെമാത്രം സവിശേഷതയല്ല. വ്യത്യസ്ത വികസനദശയിലുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കപ്പെടുമ്പോഴേ വിഭവവിന്യാസം ഫെഡറൽ മൂല്യങ്ങൾക്ക് അനുസരിച്ച് നീതിയുക്തമാകൂ. സംസ്ഥാനങ്ങളുടെ വിഹിതത്തിൽ നിശ്ചിത ശതമാനം വികസന വൈജാത്യമുള്ള സംസ്ഥാനങ്ങൾക്കായി നീക്കിവയ്ക്കണം. ഡിവിസിബിൾ പൂളിൽനിന്നും കേന്ദ്രം കവരുന്ന പണത്തിൽനിന്നും ഇത് കണ്ടെത്തുകയാണ് വേണ്ടത്.
0 comments