ബുൾഡോസർ രാജിന് തടയിട്ട് സുപ്രീംകോടതി
ന്യൂനപക്ഷങ്ങളെയും ദളിതരെയും മറ്റ് പിന്നാക്ക ജനവിഭാഗങ്ങളെയും വേട്ടയാടാൻ കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ ഒരു പതിറ്റാണ്ടായി പ്രയോഗിക്കുന്ന ‘ബുൾഡോസർ രാജി’ന് ഒടുവിൽ സുപ്രീംകോടതി കൂച്ചുവിലങ്ങിട്ടു. ആർഎസ്‌എസും മറ്റ് പരിവാർ സംഘടനകളും നീതിയുടെ മിന്നൽപ്രയോഗമെന്നാണ് ഇടിച്ചുനിരത്തലിനെ വിശേഷിപ്പിക്കുന്നത്. അതിന്റെ പ്രയോക്താവായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവർ വാഴ്‌ത്തുകയും ചെയ്യുന്നു. ഈ വിധം സംഘപരിവാർ കൊട്ടിഘോഷിക്കുന്ന ബുൾഡോസർരാജ് കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്ന നിയമവാഴ്‌ചയില്ലാത്ത ഭരണാന്തരീക്ഷമാണെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. ഭരണസംവിധാനത്തിന്റെ ഇത്തരം ഏകപക്ഷീയ നടപടികളെ നിയമത്തിന്റെ ഉരുക്കുകരങ്ങളാൽ ദാക്ഷിണ്യമില്ലാതെ കൈകാര്യം ചെയ്യണമെന്ന് ജസ്‌റ്റിസുമാരായ ബി ആർ ഗവായിയും കെ വി വിശ്വനാഥനും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വങ്ങളെപ്പോലും കാറ്റിൽപ്പറത്തുന്നതാണ് ഏകപക്ഷീയമായ ഇടിച്ചുനിരത്തലെന്ന് കോടതി നിരീക്ഷിച്ചു. ഒരാൾ കുറ്റക്കാരനോ പ്രതിയോ ആണെന്ന കാരണത്താൽമാത്രം ഭരണസംവിധാനത്തിന് വീടുകളും സ്വത്തുക്കളും ഇടിച്ചുനിരത്താനാകില്ല. അധികാരങ്ങളുടെ വേർതിരിവുമായി ബന്ധപ്പെട്ട തത്വങ്ങളുടെ ലംഘനമാണിത്. വ്യക്തി കുറ്റം ചെയ്‌തിട്ടുണ്ടോയെന്ന് വിധിക്കാനുള്ള അധികാരം ജുഡീഷ്യറിക്കാണ്. സർക്കാരിന് ഒരിക്കലും ഒരാളെ കുറ്റക്കാരനെന്ന് വിധിക്കാനാകില്ല. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽമാത്രം വ്യക്തിയുടെ സ്വത്തുക്കൾ ഇടിച്ചുനിരത്തുന്നത് നിയമവാഴ്‌ചയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനമാണ്. ഭരണനിർവഹണ സംവിധാനത്തിന് ഒരിക്കലും ജഡ്‌ജിയാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ കുറ്റക്കാരനെന്ന് നിശ്‌ചയിച്ച് അയാളുടെ വസ്‌തുവകകൾ ഇടിച്ചുനിരത്താനുമാകില്ല. ഈ നടപടികൾ പരിധിലംഘനമാണ്. നിയമവാഴ്‌ചയുടെ അടിത്തറയായ ഭരണഘടനയിൽ ഇത്തരം പരിധി വിട്ട ഏകപക്ഷീയ നടപടികൾക്ക് സ്ഥാനമില്ല. അധികാരത്തിന്റെ ദുർവിനിയോഗങ്ങളെ കോടതികൾ വച്ചുപൊറുപ്പിക്കരുത്.
0 comments