ദൃശ്യം 3 ; എ സഫിയ എപ്പിസോഡ്
By Rithu S N
Published on Nov 19, 2024, 04:16 PM | 3 min read
മോഹൻലാൽ മാത്രമായതിനാലാണ്, അതല്ലെങ്കിൽ സിനിമാക്കഥ മാത്രമായതിനാലാണ്, വരുണിന്റെ കൊലപാതകത്തിൽനിന്ന് അയാൾ രക്ഷപ്പെട്ടത്. സിനിമയേക്കാളും വലിയ ജീവിതത്തിൽ ഒരു കൊലപാതകിയും രക്ഷപ്പെടില്ല; അഥവാ കേരള പൊലീസ് അതിനിട വരുത്തില്ല. അസ്സൽ ക്രൈം ത്രില്ലർ സിനിമ പോലെയാണ് കുടക് അയ്യങ്കേരിയിലെ സഫിയയുടെ കൊലപാതക വാർത്ത കേൾക്കുമ്പോൾ! പക്ഷേ, അവളുടെ വീട്ടുകാർക്കത് കഥയല്ലല്ലോ, ചങ്കുപറിഞ്ഞു പോകുന്ന ഉള്ളുരുക്കംതന്നെയാണ്. 2006 മുതൽ 2024 നവംബർ 11 വരെ നീണ്ട സഫിയയെന്ന പെൺകുട്ടിയുടെ ജീവിതകഥ
അപ്രതീക്ഷിതമായ ട്വിസ്‌റ്റാണ് എല്ലാ നല്ല സിനിമാക്കഥയ്‌ക്കും പിന്നിലുള്ളത്. പക്ഷേ, നമ്മൾ ശരിക്കും ജീവിച്ചു തീർക്കുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ ട്വിസ്‌റ്റുകൾ സൂപ്പർ നായകർപോലും താങ്ങില്ല. അത്തരം വഴിത്തിരിവുകളുടെ ദുരന്തജീവിതമാണ്, ഇന്ന് ജീവിച്ചിരുന്നെങ്കിൽ 31 വയസ്സാകുമായിരുന്ന സഫിയ (13) ജീവിച്ചുതീർത്തത്. കർണാടക കുടക് അയ്യങ്കേരിയിലെ മൊയ്‌തുവിന്റെയും അയിഷയുടെയും മകൾ സഫിയയുടെ കഥ അതുപോലെ പറഞ്ഞാൽ, ചിലപ്പോൾ വായനക്കാർക്ക് ശ്വാസം മുട്ടും. സിനിമാക്കഥപോലെ പറഞ്ഞുകേട്ടാൽ ഉള്ളുരുക്കം കുറഞ്ഞേക്കാമെന്നുമാത്രം.
ദൃശ്യം 1
കാലം 2006, കർണാടകത്തിലെ കുടകിൽ അക്കാലം ദിവസക്കൂലി 80 രൂപമാത്രം. ഉപ്പ മൊയ്‌തുവിന് പണിയും കുറവ്. ദാരിദ്ര്യം തിന്നുന്ന വീട്ടിലെ മൂത്തവൾ ആറാം ക്ലാസുകാരി സഫിയ. അവളെ വീട്ടുജോലിക്കായി അയച്ചാൽ, വരുമാനവും ആകും അവൾക്ക് നല്ല ജീവിതവും കിട്ടുമെന്ന് അയ്യങ്കേരിയിലെ മൊയ്‌തുവിനോടും ഭാര്യ അയിഷയോടും പ്രലോഭിപ്പിക്കുന്നു, ഏജന്റ് മടിക്കേരി ദൊഡ്ഡപ്പള്ളിയിലെ മൊയ്‌തു. ‘‘അവൾ പോയാൽ അവിടത്തെ വീട്ടിലെ കുട്ടികൾക്കൊപ്പം കഴിയാം, വീട്ടുകാരിയെ ചെറിയ തോതിൽ സഹായിക്കാം, തുടർന്നു പഠിക്കാം, മദ്രസയിലും പോകാം...’’ ഇത്രയും കേട്ടതോടെ, നല്ല ഭക്ഷണമെങ്കിലും കിട്ടുമല്ലോ എന്നോർത്ത് കുടകിലെ മണ്ണിൽനിന്ന് അടർത്തി, ആ മാർച്ചിൽ സഫിയയെ കാസർകോട് മുളിയാർ മാസ്‌തിക്കുണ്ടിലെ കെ സി ഹംസയുടെ വീട്ടിലേക്ക് എത്തിക്കുന്നു. ആറാം ക്ലാസുകാരിയിൽ കൗതുകം വിട്ടൊഴിഞ്ഞില്ല. ഇന്നും ബാക്കിയുള്ള അവളുടെ ഏക ഫോട്ടോയിൽ, പാതി മറഞ്ഞ ചുവന്ന തട്ടം നമ്മെ നോക്കി കൊളുത്തി വലിക്കുന്നുണ്ട്.
മുളിയാർ മസ്‌തിക്കുണ്ട് സ്വദേശിയായ ഹംസ, ഗോവയിലെ വലിയ കരാറുകാരനാണ്. കാസർകോട്ടെ വീടിനേക്കാളും വലിയ വീടും പരിവാരങ്ങളും അയാൾക്ക് അവിടെയുണ്ട്. സഫിയയുടെ രണ്ടാം പലായനം ഗോവയിലേക്ക്. ഹംസയുടെ കുട്ടികളെ പരിപാലിച്ച്, ഹംസയുടെ ഭാര്യ മൈമൂനയെ അടുക്കളയിൽ സഹായിച്ച്, അനാഥച്ചെടിയായി അവൾ വളർന്നു; അതോ തളർന്നോ...
ദൃശ്യം 2
കാലം 2006 ഡിസംബർ 20. ഗോവയിലെ കരാറുകാരൻ ഹംസ, കാസർകോട്ടെത്തി, കർണാടക കുടക് അയ്യങ്കേരിയിലെ മൊയ്‌തുവിനെ ഫോൺ വിളിക്കുന്നു. മകൾ സഫിയ വന്നിട്ടുണ്ട്. കാണാൻ വരണം. ദീർഘകാലമായി മകളെ കണ്ടിട്ട്, അവളോടൊന്ന് മിണ്ടിയിട്ട്, ചേർത്തൊന്ന് കെട്ടിപ്പിടിച്ചിട്ട്! അവൾക്ക്, കുടകിൽമാത്രം കിട്ടുന്ന ഉപ്പിലിട്ട നെല്ലിക്ക ഏറെ ഇഷ്ടമാണ്. അവളതും നുണഞ്ഞാണ് കഴിഞ്ഞ മാർച്ചിൽ ഹംസയുടെ കാറിൽ കാസർകോട്ടേക്ക് പോയത്. കവറിൽ ഉപ്പിലിട്ട നെല്ലിക്കയുമായി ആ ഉപ്പ കാസർകോട്ടേക്ക് തിരിച്ചു. മകൾ നെല്ലിക്ക ചവച്ച് കണ്ണിലൂടെ പുളിയറിയിക്കുന്ന കാഴ്‌ചയെ ഓമനിച്ച്, മൊയ്‌തു മടിക്കേരി ചുരമിറങ്ങി.
മാസ്‌തിക്കുണ്ടിൽ പക്ഷേ, കാര്യങ്ങൾ എല്ലാം മാറിമറിഞ്ഞിരുന്നു. മുറ്റത്ത് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഫിയ എങ്ങോട്ടോ ഓടിപ്പോയത്രെ! എന്റെ സഫിയ എവിടെ എന്ന് ചോദിച്ച ഉപ്പയോട്, ഹംസ പറഞ്ഞതങ്ങനെ! മൊയ്‌തുവിന്റെ നട്ടെല്ലിലൂടെ ഒരുവിറ പാഞ്ഞു. അതെങ്ങനെ ശരിയാകും. മകളെ കാണാൻ വരൂവെന്ന് പറഞ്ഞതിനാലാണ്, നൂറുകിലോമീറ്റർ അപ്പുറത്തുനിന്ന് ഞാൻ വന്നത്. എന്നിട്ട് മകളിപ്പോൾ ഇല്ലെന്ന്! ചോക്കുവര മായുന്നപോലെ അവൾ മാഞ്ഞെന്ന് എങ്ങനെ ഞാൻ വിശ്വസിക്കും.
അന്നുതന്നെ പരാതി നൽകാൻ ഹംസയ്‌ക്കൊപ്പം മൊയ്‌തുവും ആദൂർ പൊലീസ് സ്‌റ്റേഷനിലെത്തി. എല്ലാം വിശദമായി കേട്ട പൊലീസ് ‘ആളെ കാണാതായതിന്’ കേസെടുത്തു. ഹംസ എല്ലാം കൃത്യമായി പറയുന്നു. അയാളുടെ ഭാര്യ മൈമൂനയും എല്ലാം കൃത്യമായി പറയുന്നു. ഗോവയിൽനിന്ന് ഞങ്ങൾ കാറിൽ മൂന്നുപേർ പുറപ്പെട്ടു. പിറകിലായിരുന്നു സഫിയ ഇരുന്നിരുന്നത്. വീട്ടിലെത്തി, അന്ന് തങ്ങി, പിറ്റേന്നാണ് ഉപ്പ മൊയ്‌തു വരുന്നത്. അതിന് കുറച്ചുസമയം മുമ്പ് സഫിയയെ കാണാതായി. ആദൂർ എഎസ്‌ഐ ബാരയിലെ ഗോപാലകൃഷ്‌ണൻ പ്രാഥമിക അന്വേഷണവുമായി ഇറങ്ങി. ഇന്നത്തെ പോലത്തെ സിസിടിവി ദൃശ്യങ്ങളൊന്നും വിപുലമല്ല. എങ്കിലും പറ്റാവുന്ന തെളിവുകളെല്ലാം പരിശോധിച്ചിട്ടും സഫിയ മാത്രമില്ല.
മകളില്ലെന്ന സത്യം ഭാര്യയോട് പറയാൻ മൊയ്‌തു ഭയന്നു. ബക്രീദിന് മകൾ വരുമെന്ന് മൊയ്‌തു ഭാര്യ അയിഷയോട് കള്ളം പറഞ്ഞു. സഫിയ അടക്കം മൂന്നുപേർ കാറിൽ വന്നതായി ഗോവ–- കർണാടക അതിർത്തി ചെക്കുപോസ്‌റ്റിൽ രേഖയുമുണ്ട്. ആ രേഖ ആദൂർ പൊലീസ് ശേഖരിച്ചതോടെ സഫിയ കേരളത്തിലെത്തിയതായി ഉറപ്പിച്ചു!
എന്നാൽ, അഞ്ചുദിവസം കഴിഞ്ഞതോടെ, മകൾ നഷ്ടമായി എന്നൊരു ബോധ്യം മൊയ്‌തുവിനും ഭാര്യ അയിഷയ്‌ക്കും ഉണ്ടായി. മകൾക്കെന്തുപറ്റിയെന്ന ഉള്ളുരുക്കത്തിന് ഉത്തരം വേണമെന്നവർ കാസർകോട്ടെത്തി ഉച്ചത്തിൽ ചോദിച്ചു. തേങ്ങി. അയിഷയുടെ വിലാപത്തിൽ ജനസാമന്യമുണർന്നു. കാസർകോട് പുതിയ ബസ്‌സ്‌റ്റാൻഡ് പരിസരത്ത് പന്തലിട്ട് അയിഷ സത്യഗ്രഹമിരുന്നു. സർവകക്ഷി കർമസമിതി സഹായവുമായി ഒപ്പം ചേർന്നു. അവരുടെ വിലാപത്തിന്റെ 83–-ാം നാൾ, ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്‌തികരമല്ലെങ്കിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടുന്നതായി അന്നത്തെ അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണൻ കുടുംബത്തെ അറിയിച്ചു. അന്നത്തെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ വി സന്തോഷിന്റെ (ഇപ്പോഴത്തെ മലപ്പുറം ക്രൈംബ്രാഞ്ച് എസ്‌പി) നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ദൃശ്യം 3
കാലം 2006 ഡിസംബർ 15. ഗോവയിലെ ഫ്ലാറ്റിൽ കഞ്ഞി വാർക്കുകയായിരുന്നു സഫിയ. കുഞ്ഞല്ലേ, അവൾക്കൊന്ന് പാളിപ്പോയി; കൈ തെറ്റിവീണ് തിളയ്‌ക്കുന്ന കഞ്ഞിക്കലം അപ്പാടെ ദേഹത്തു വീണ് പൊള്ളി. കുട്ടിയായതിനാൽ, ആശുപത്രിയിൽ പോയാൽ, ബാലവേല നിരോധന നിയമപ്രകാരം കേസാകുമെന്ന് ഹംസയും ഭാര്യ മൈമൂനയും ഭയന്നു. ചികിത്സ കിട്ടാതെ നരകയാതന സഹിച്ച് സഫിയ ഫ്ലാറ്റിലെ മുറിയിൽ കഴിഞ്ഞു. ഭയന്നുപോയ ഹംസ, ഭാര്യാസഹോദരൻ അബ്ദുള്ളയെ വീട്ടിലേക്ക് വിളിപ്പിച്ചു. മൂവരും ചേർന്ന് ഡിസംബർ 15ന് രാത്രി സഫിയയെ കൊലപ്പെടുത്തി. മുറിച്ച് കഷണങ്ങളാക്കി ചാക്കിൽ കെട്ടിവച്ചു. പിറ്റേന്ന് രാത്രി ഗോവ മല്ലോം മഹാദേവ ക്ഷേത്രപരിസരത്തുള്ള അണക്കെട്ട് ഭാഗത്തേക്ക് കൊണ്ടുവന്നു. ഹംസയുടെ പണിസ്ഥലമായ ഇവിടെ ഹിറ്റാച്ചി ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്ത് ശരീരഭാഗങ്ങൾ കുഴിച്ചിട്ടു. വസ്‌ത്രങ്ങൾ ഫ്ലാറ്റിനടുത്തുതന്നെ കത്തിച്ചു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധങ്ങൾ ദൂരെ മറ്റൊരിടത്ത് ഉപേക്ഷിച്ചു.
Read more:
Read more:
Read more:
Read more:
0 comments