ഉന്നം പിഴയ്ക്കാതെ അമൃത
By John Joseph
Published on Nov 19, 2024, 04:06 PM | 2 min read
പഠിച്ചിറങ്ങിയ സ്‌കൂളിൽ കുട്ടികൾക്ക് പരിശീലനം നൽകാൻ ആരുമില്ലെന്ന് അവിടുത്തെ അധ്യാപകർ വഴിയാണ് അമൃത അറിയുന്നത്. ഇതോടെ സമയം കിട്ടുമ്പോഴെല്ലാം നെയ്യാറ്റിൻകര ഗവ. എച്ച്‌എസ്‌എസ് ഫോർ ഗേൾസിലെത്തി വിദ്യാർഥികളെ ആർച്ചറി മത്സരങ്ങൾക്കായി പരിശീലിപ്പിച്ചു. അതും പതിനെട്ടാം വയസ്സിൽ. അന്ന് പരിശീലനം നൽകിയ കുട്ടികൾ സംസ്ഥാനതലത്തിൽവരെ എത്തിയപ്പോൾ ഈ കുപ്പായം തനിക്ക് ചേരുമെന്ന് അമൃത തിരിച്ചറിഞ്ഞു. ദേശീയതലത്തിൽ ഇരുപതിലധികം മെഡലുകൾ നേടിയ അമൃത അതോടെ മുഴുവൻ സമയ ആർച്ചറി പരിശീലകയായി. ഇപ്പോൾ രാജ്യത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ ആർച്ചറി പരിശീലകയാണ് ബാലരാമപുരം അന്തിയൂർ സുകുമാരവിലാസത്തിൽ അമൃത പി നായർ (25). തന്റെ അറിവിൽ ആർച്ചറി പരിശീലിപ്പിക്കുന്ന വനിതകൾ കേരളത്തിൽ ഇല്ലെന്ന് അമൃത പറഞ്ഞു. രാജ്യത്ത് തന്നെ അപൂർവമാകും. ആറു വയസ്സുമുതലുള്ള നൂറിലധികം കുട്ടികൾക്കാണ് അമൃത പരിശീലനം നൽകുന്നത്. തന്റെ മാതൃവിദ്യാലയമായ നെയ്യാറ്റിൻകര ഗേൾസ് സ്‌കൂളിലെ വിദ്യാർഥികൾക്കുൾപ്പെടെ നെയ്യാറ്റിൻകര മുനിസിപ്പൽ ഗ്രൗണ്ടിലും പട്ടം സെന്റ് മേരീസ് സ്‌കൂളിലും തൈക്കാട് മോഡൽ ബോയ്‌സ് എച്ച്‌എസ്‌എസിലുമാണ് പരിശീലനം. ഓരോയിടത്തും ആഴ്‌ചയിൽ രണ്ടുദിവസം വീതമുള്ള പരിശീലനത്തിൽ അതത് സ്‌കൂളുകളിലെ കുട്ടികൾക്ക് പുറമേനിന്നുള്ളവരും എത്താറുണ്ട്.
മധ്യപ്രദേശ് ടു കേരള
മധ്യപ്രദേശിലാണ് അമൃത ജനിച്ചത്. അച്ഛൻ മധുസൂദനൻ നായർക്ക് അവിടെ റെയിൽവേയിലായിരുന്നു ജോലി. രാവിലെ ആറുമുതൽ ഉച്ചവരെയായിരുന്നു സ്‌കൂൾ സമയം. ശേഷിക്കുന്ന സമയം നഷ്‌ടപ്പെടുത്താതിരിക്കാനാണ് ആർച്ചറി പരിശീലിക്കാൻ തുടങ്ങിയത്. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതോടെ അതിൽ ചുവടുറപ്പിച്ചു. അച്ഛന് ബംഗളൂരുവിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ പതിനാലാം വയസ്സിൽ കുടുംബത്തിനൊപ്പം നാട്ടിലേക്ക് പോന്നു. നെയ്യാറ്റിൻകര ഗേൾസ് സ്‌കൂളിലാണ് ചേർന്നത്. സ്‌കൂളിൽ പരിശീലനത്തിന് സൗകര്യമില്ലാതിരുന്നതിനാൽ വീട്ടിൽത്തന്നെ ചെറിയൊരു ഗ്രൗണ്ട് ഒരുക്കി. അവധിസമയങ്ങളിൽ കണ്ണൂരിൽ ബാലകൃഷ്‌ണൻ എന്നയാളുടെ കീഴിലും പരിശീലനം നേടി. തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ ബിരുദ പഠനത്തിനുശേഷം കൊൽക്കത്ത സായ് സെന്ററിൽനിന്ന് ആർച്ചറി പരിശീലക ആകുന്നതിനുള്ള എൻഎസ് –- എൻഐഎസ് കോഴ്‌സ് ചെയ്‌തു. നാട്ടിൽ പരിശീലന സൗകര്യങ്ങൾ കുറവാണെന്നും സാമ്പത്തിക പരിമിതികൾ കാരണം നിരവധി കുട്ടികൾക്ക് പരിശീലനം നേടാൻ കഴിയുന്നില്ലെന്നും മനസ്സിലാക്കിയതോടെ സാധാരണക്കാരായ കുട്ടികൾക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. ഇതിനോടകം സ്‌കൂൾ ഗെയിംസിലും ആർച്ചറി അസോസിയേഷന്റെ മത്സരങ്ങളിലും യൂണിവേഴ്‌സിറ്റി മത്സരങ്ങളിലുമടക്കം നിരവധി മെഡലുകളാണ് അമൃതയുടെ ശിഷ്യർ നേടിയത്.
ലക്ഷ്യം ഒളിമ്പിക്‌സ്
തന്റെ ശിഷ്യരിലൂടെ ഒളിമ്പിക്‌സിൽ രാജ്യത്തിനൊരു മെഡൽ സ്വപ്നം കാണുകയാണ് അമൃത. കഴിവുള്ള നിരവധി കുട്ടികൾ ഉണ്ടെന്നും ശരിയായ പരിശീലനം ലഭിച്ചാൽ രാജ്യത്തിനുവേണ്ടി മെഡലുകൾ നേടാൻ കഴിയുമെന്നും അമൃത പറഞ്ഞു. ആർച്ചറിയിൽ ഇന്ത്യൻ ബോ, കോമ്പൗണ്ട് ബോ, റീകർവ് ബോ എന്നിങ്ങനെ മൂന്നിനങ്ങളിലാണ് അമൃത പരിശീലനം നൽകുന്നത്. ഇതിൽ ഇന്ത്യൻ ബോയിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാഷണൽ ഗെയിംസ് വരെയാണ് ഇന്ത്യൻ ബോ മത്സര ഇനമായി ഉണ്ടാകുക. ഏഷ്യൻ ഗെയിംസിൽ കോമ്പൗണ്ട് ബോയിൽ മത്സരിക്കാം. രണ്ടിലും 50 മീറ്ററാണ് ലക്ഷ്യത്തിലേക്കുള്ള ദൂരപരിധി. ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് പരിശീലിക്കുന്നവരാണ് റികർവ് ബോയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 70 മീറ്ററാണ് ദൂരപരിധി. ആർച്ചറി ഉപകരണങ്ങളുടെ വലിയ സാമ്പത്തിക ചെലവാണ് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. തുടക്കക്കാർക്ക് ഇവർ തന്നെ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. സംസ്ഥാനതലത്തിൽവരെ മത്സരിക്കാറാകുമ്പോഴാണ് കുട്ടികൾ ഉപകരണങ്ങൾ വാങ്ങേണ്ടതുള്ളൂ. ഓരോ വർഷവും സെലക്‌ഷൻ ക്യാമ്പുകൾ നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.
0 comments