സെപ്തംബറിൽ തന്നെ 50 കടന്നു
കേരള പൈനാപ്പിളിന് പ്രിയം; പത്ത് വർഷത്തിന് ശേഷം ഉയർന്ന വില
കോട്ടയം> പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് പൈനാപ്പിൾ വില ഏറ്റവും ഉയരത്തിൽ. സെപ്റ്റംബർ തുടക്കത്തിൽ പച്ചയ്ക്ക് കിലോയ്ക്ക് 40 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 42 രൂപയും ഉണ്ടായിരുന്നത് 50 രൂപ മറികടന്നു.
വാഴക്കുളം പൈനാപ്പിൾ ഗ്രോവേഴ്‌സ് അസോസിയേഷൻ കണക്കുകൾ പ്രകാരം പാകമായ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 57 രൂപയാണ് വില. പച്ചയ്ക്ക് 51 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 53 രൂപയുമായി. എന്നാൽ ഇതിൽ പ്രാദേശികമായി വ്യത്യാസം വരുന്നുണ്ട്.
ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി പൈനാപ്പിളിന് വേണ്ടിയുള്ള അന്വേഷണം കൂടിയതാണ് വിപണിയിൽ ഉത്സാഹം തീർത്തത്. ഉത്തരേന്ത്യയിൽ മിക്ക വിപണികളിലും ഡിമാൻഡ് ഉണ്ട്.
മുൻവർഷം ഇതേ കാലയളവിൽ പൈനാപ്പിൾ പഴത്തിന് 50 രൂപയായിരുന്നു. പഴത്തിന് ഏഴു രൂപയാണ് വർധിച്ചത്. പച്ചയ്ക്കും സ്പെഷ്യൽ പച്ചയ്ക്കും 11 രൂപ വീതവും കൂടി. ഉല്പാദനം തീരെ കുറവായിരിക്കുന്ന ഏപ്രിൽ മാസത്തിലെ വിലയോട് അടുത്താണ് ഇപ്പോൾ സീസൺ കുതിക്കുന്നത്.
ഉത്സവവിപണി ഉണരുന്നതോടെയാണ് പൈനാപ്പിളിന് വിലയിൽ ഉയർച്ച കാണിക്കുന്നത്. 10 ടൺ ട്രക്ക് പൈനാപ്പിൾ പച്ചയ്ക്ക് കിലോയ്ക്ക് 53 രൂപ നിരക്കിലാണ് ശനിയാഴ്ച കയറ്റുമതി ചെയ്തത്.
വേനൽ മഴയ കുറഞ്ഞതും തെരഞ്ഞെടുപ്പ് സീസണുമാണ് ഏപ്രിലിൽ വില വർധനയ്ക്ക് സഹായകമായത്. പൈനാപ്പിളിന് ഒപ്പം തണ്ണിമത്തനും ഈ വർധനവ് ലഭിച്ചിരുന്നു.
പൈനാപ്പിൾ കൃഷി ലാഭകരമാണെന്ന് കണ്ട് മറ്റ് സംസ്ഥാനങ്ങളിലും കൃഷി വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽനിന്ന് പൈനാപ്പിൾ തൈകളും കയറ്റുമതി ചെയ്യുന്നത് വർധിച്ചു. ഗുജറാത്ത്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ കൃഷി പരീക്ഷിക്കുന്നുണ്ട്. നോർത്ത് ഈസ്റ്റിലും കൃഷി വർധിക്കയാണ്. മേഘാലയയാണ് ഇതിൽ മുൻപന്തിയിൽ
0 comments