പച്ചമുളക് ഉൽപ്പാദനം വർധിപ്പിക്കാം
പറിച്ച് നടുന്ന പച്ചക്കറികളിൽ പ്രധാനിയാണ് പച്ചമുളക്. പ്രോട്ടേയിലോ, ഗ്രോ ബാഗിലോ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. തുറസ്സായതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം പച്ചമുളക് ചെടി നടാനായി തെരഞ്ഞെടുക്കാം. ജ്വാലാമുഖി, ജ്വാലാസഖി, ഉജ്വല, അനുഗ്രഹ, അതുല്യ, സമൃദ്ധി, കീർത്തി എന്നിവ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളാണ്. സീറയും റോയൽ ബുള്ളറ്റും ഹൈബ്രിഡ് ഇനങ്ങളാണ്. വിത്ത് മുളച്ച് തുടങ്ങിയാൽ നിശ്ചിത ഇടവേളകളിൽ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ചുകൊടുക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കാൻ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച ചാണകവെള്ളം തളിക്കാം. തൈകൾ പറിച്ചെടുക്കുന്നതിന് മുന്നോടിയായി ട്രേ നന്നായി നനയ്‌ക്കണം.
നടീലും വളപ്രയോഗവും
മണ്ണ് നന്നായി കിളച്ചൊരുക്കി സെന്റൊന്നിന് 3 കിലോഗ്രാം പൊടിഞ്ഞ കുമ്മായം ചേർത്ത് മണ്ണുമായി ഇളക്കണം. പറിച്ചു നടുന്ന സമയത്ത് തൈയുടെ വേരുകൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ മുക്കിവച്ചതിനുശേഷം നടാം. ശീമക്കൊന്നയില ഉപയോഗിച്ച് പുത ഇടുന്നത് കീടനിയന്ത്രണത്തിനും ജൈവാംശം കൂട്ടുന്നതിനും സഹായിക്കും. 10 ദിവസത്തിൽ ഒരിക്കൽ പൊടിഞ്ഞ കാലി വളം, ആട്ടിൻ കാഷ്ഠം, മത്സ്യ വളം, മണ്ണിര കമ്പോസ്റ്റ് എന്നിവ മാറി മാറി ചേർത്ത് കൊടുക്കാം.
പരിപാലനം
പച്ചമുളക് തൈകൾക്ക് താങ്ങുകാൽ കൊടുക്കേണ്ടതുണ്ട്. രണ്ടാഴ്ചയിൽ ഒരിക്കൽ കള പറിച്ചു കളയേണ്ടതും വളപ്രയോഗത്തിനുശേഷം മണ്ണ് കൂട്ടി കൊടുക്കേണ്ടതുമാണ്. രണ്ട് ദിവസത്തിൽ ഒരിക്കൽ നന നിർബന്ധം.
കീടരോഗനിയന്ത്രണം
ചെടിയുടെ ഇലയുടെ അരികുഭാഗം ചുരുളുകയും സമനിരപ്പില്ലാതെ കപ്പുപോലെ ആവുകയും ചെയ്യുന്ന ഇലപ്പേനിനെ പ്രതിരോധിക്കുന്നതിനായി 10 ശതമാനം കിരിയാത്ത് സത്ത് തളിക്കാം. പച്ചനിറത്തിലുള്ള ചെറുതുള്ളൻമാരും കുഞ്ഞുങ്ങളും ഇലയുടെ അടിഭാഗത്തുനിന്ന് നീരൂറ്റി കുടിച്ച് ഇലകളുടെ അരികുകളിൽനിന്നും മഞ്ഞളിപ്പ് വ്യാപിക്കുന്നു. ചെടികൾ മഞ്ഞളിച്ച് വളർച്ച മുരടിക്കും. ഇലത്തുള്ളന്മാരുടെ നിയന്ത്രണത്തിനായി 5 മില്ലി വേപ്പെണ്ണയും ഒരു മില്ലി സോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലയുടെ അടിയിൽ രണ്ടാഴ്ച ഇടവേളകളിൽ തളിക്കാം.
0 comments