യുവാക്കൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കണം: മന്ത്രി പി പ്രസാദ്
By Rithu S N
Published on Nov 19, 2024, 05:27 PM | 1 min read
ആലപ്പുഴ > കേരളത്തിലെ യുവജനതക്ക് മത്സരാധിഷ്ഠിതമായ ലോകത്തിൽ മുൻനിരയിലെത്താൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ഉറപ്പാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ ഉച്ചകോടി ആലപ്പുഴ ഹവേലി ബാക്‌വാട്ടർ റിസോർട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ലോകം അനുദിനം മാറികൊണ്ടിരിക്കുകയാണെന്നും ഇതിനനുസരിച്ചു നമ്മുടെ യുവാക്കളെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായിട്ടാണ് പരിപാടി സംഘടപ്പിച്ചത്. 146 നൈപുണ്യ പരിശീലന സ്ഥാപനങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. സംസ്ഥാനത്ത് ഇതുവരെ ഏഴു ജില്ലകളിൽ നൈപുണ്യ പരിശീലന ദാതാക്കളുടെ ഉച്ചകോടി പൂർത്തിയായിട്ടുണ്ട്.
പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അലക്‌സ് വർഗ്ഗീസ്, സംസ്ഥാന നൈപുണ്യ വികസന മിഷൻ(കെയ്സ്) മാനേജിങ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, സബ് കളക്ടർ സമീർ കിഷൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി വി വിനോദ്, എം മാലിൻ, സുബിൻദാസ്, ആർ അനൂപ്, ആർ കെ ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.
0 comments