സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം: നവംബർ 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
By John Joseph
Published on Nov 19, 2024, 05:01 PM | 2 min read
ആലപ്പുഴ > കേരള സ്‌കൂൾ ശാസ്‌ത്രോത്സവവും വെക്കേഷണൽ എക്‌സ്‌പോയും നവംബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സെന്റ് ജോസഫ് എച്ച് എസ് എസിൽ വൈകിട്ട് നാലിന് നടക്കുന്ന പരിപാടിയിൽ വിദ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാവും. നവംബർ 15 മുതൽ 18 വരെ നഗരത്തിലെ അഞ്ച് സ്‌കൂളുകളിലായാണ് ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്.
ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജ്‌നത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്ഡിവി ബോയ്സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലാണ് മേള നടക്കുന്നത്. പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്‌നത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, എസ്ഡിവി ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ പ്രവൃത്തിപരിചയമേളയുമാണ് നടക്കുന്നത്. കൂടാതെ കരിയർ സെമിനാർ, കരിയർ എക്സിബിഷൻ, കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ നടക്കും.
ഉദ്ഘാടന സമ്മേളനത്തിൽ എംപിമാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം എൽ എമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, രമേശ് ചെന്നിത്തല, ദലീമ ജോജോ, യു പ്രതിഭ, എം എസ് അരുൺകുമാർ, തോമസ് കെ തോമസ്, ജില്ലാ കളക്ടർ അലക്‌സ് വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്‌സൺ എം വി പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ്, നഗരസഭ വിദ്യാഭ്യാസ, കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്‌സൺ ആർ വിനീത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു എന്നിവർ ആശംസകൾ അർപ്പിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസഡയറക്ടർ കെ ജീവൻ ബാബു, എസ് സി ആർ ടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ ഡയറക്ടർ ഡോ. എ ആർ സുപ്രിയ, കൈറ്റ് സി ഇ ഒ കെ അൻവർ സാദത്ത്, എസ് ഐ ഇ എംഎടി ഡയറക്ടർ ഡോ. സുനിൽ വിറ്റി എന്നിവർ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു നവംബർ 15 ന് രാവിലെ ഒമ്പതു മണിക്ക് പതാക ഉയർത്തുന്നതോടെ മേളക്ക് തുടക്കമാകും. രാവിലെ 10 മുതൽ സെന്റ് ജോസഫ് എച്ച് എസ് എസിൽ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇത്തവണ മുതൽ സംസ്ഥാനസ്‌കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ജില്ലകളിൽ നിന്നുള്ള 5,000 ത്തോളം വിദ്യാർഥികൾ 180 ഓളം ഇനങ്ങളിലായി പങ്കെടുക്കും.
0 comments