സംസ്ഥാനത്ത് സ്ഥിരമായി സയന്‍സ് സിറ്റി അനിവാര്യം: മന്ത്രി കെ എൻ ബാലഗോപാൽ
By John Joseph
Published on Nov 19, 2024, 05:08 PM | 1 min read
തിരുവനന്തപുരം > സംസ്ഥാനത്ത് സ്ഥിരമായി ഒരു സയൻസ് സിറ്റി ഉണ്ടാകേണ്ടത് ആവശ്യമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ശാസ്‌ത്രത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്ഥിരമായി കാണാനും മനസിലാക്കാനും സയൻസ് സിറ്റിയിലൂടെ സാധിക്കും. സമൂഹത്തിൽ ശാസ്ത്രാവബോധം വളർത്താൻ ഇത് സഹായകമാകും. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും അമ്യൂസിയം ആർട്സയൻസുംചേർന്ന് ഡിസംബറിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുമായി ബന്ധപ്പെട്ട ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ സ്ഥാപനമേധാവികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ടെത്തുന്ന കാര്യങ്ങളിലേക്ക് പുതുതലമുറയെ എത്തിക്കാൻ സർക്കാർ ധാരാളം വേദികൾ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും യുവതലമുറയുടെ അറിവിനെയും കഴിവിനേയും ഉൽപാദനവുമായി ബന്ധപ്പെടുത്തുന്നതിൽ പരിമിതികളുണ്ട്. ലോകത്തെ നോളജ് ഇൻഡസ്ട്രിയിലേക്കാണ് ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾ പോകുന്നത്. അവരെ കേരളത്തിൽതന്നെ പിടിച്ചുനിർത്താനുതകുന്ന ഉൽപാദക സ്ഥാപനങ്ങൾ കൂടുതലുണ്ടാകാൻ സാഹചര്യമൊരുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിന് ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ പോലുള്ള പരിപാടികൾ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശാസ്ത്രോപദേഷ്ടാവ് ഡോ. എം സി ദത്തൻ, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ്-ഒഫിഷ്യൊ പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ പി സുധീർ, ഡോ. എസ് പ്രദീപ് കുമാർ, ജി അജിത് കുമാർ, പി എസ് ബബിത എന്നിവർ സംസാരിച്ചു. ഡോ. സാബു തോമസ്, സജി ഗോപിനാഥ്, അനൂപ് അംബിക, എം വിജയകുമാർ, ഡോ. പി വി ഉണ്ണിക്കൃഷ്ണൻ, വി അശോക്, അനിൽകുമാർ തുടങ്ങി നിരവധിപേർ ചർച്ചയിൽ പങ്കെടുത്തു.
0 comments