നജീബ് സാറെ, നമ്മൾ ജയിച്ചു
സർവകലാശാല കപ്പുയർത്തുമ്പോൾ കലിക്കറ്റിന്റെ ബേസ് ബോൾ വനിതാ ടീം താരങ്ങളുടെ കണ്ണുനിറഞ്ഞിരുന്നു. അത് ആനന്ദക്കണ്ണീർ മാത്രമായിരുന്നില്ല, ടീം മാനേജറായി ഒപ്പമുണ്ടാകേണ്ടിയിരുന്ന ഡോ. മുഹമ്മദ് നജീബിന്റെ അപ്രതീക്ഷിത വേർപാടിലുള്ള വേദനകൂടിയായിരുന്നു. രണ്ടാം തീയതി വൈകിട്ട് അസമിലേക്ക് പുറപ്പെടാൻ തുടങ്ങുന്നതിന് ഏതാനും മണിക്കൂർമുമ്പാണ് ടീം മാനേജറായ ഡോ. മുഹമ്മദ് നജീബ് ചാലിയാറിൽ മുങ്ങിമരിക്കുന്നത്.
ആ വേർപാടിന്റെ ആഘാതം മാറുംമുമ്പേ താരങ്ങൾക്ക് വണ്ടി കയറേണ്ടി വന്നു. എന്നാൽ, തളർന്നിരിക്കാൻ അവർ തയ്യാറായിരുന്നില്ല. പ്രിയപ്പെട്ട ഗുരുനാഥന് കിരീടത്തിലൂടെ ദക്ഷിണ നൽകുകയാണ് കലിക്കറ്റിന്റെ വനിതാ താരങ്ങൾ ചെയ്തത്. കണ്ണൂർ സ്വദേശിയും നിലമ്പൂർ അമൽ കോളേജ് കായികവിഭാഗം അധ്യാപകനുമായിരുന്നു ഡോ. മുഹമ്മദ് നജീബ്. കിരീടം നേടിയശേഷം താരങ്ങൾ പറഞ്ഞത് ഇത്രമാത്രം–- ‘ഈ കിരീടം നജീബ് സാറിനുള്ളതാണ്’. സെമിയിലെത്തിയ പുണെ, കേരള, അമരാവതി സർവകലാശാലകളെ ഏകപക്ഷീയമായി കീഴടക്കിയാണ് കലിക്കറ്റ് കിരീടം ചൂടിയത്.
0 comments