ആക്ഷൻ ചിത്രം 'മാർക്കോ' റിലീസിനൊരുങ്ങി
By Muhammed Shabeer
Published on Nov 18, 2024, 10:02 AM | 0 min read
കൊച്ചി> ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കുന്ന ആക്ഷൻ ചിത്രം മാർക്കോയുടെ ഷൂട്ടിംഗ് പൂർത്തിയായി. 100 ദിവസം നീണ്ടുനിന്ന ഷെഡ്യൂളിൽ 60 ദിവസത്തോളം മാത്രം ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി വന്നു. കലയ്കിങ്സണ്‍ ആണ് ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍.
ക്യൂബ്സ് ഇന്റർനാഷണൽ കമ്പനിയുടെ ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ആദ്യ സിനിമയാണ് മാർക്കോ.
"മലയാളത്തില്‍ നിന്ന് ഇത്തരത്തിലൊരു ആക്ഷന്‍ ചിത്രം ആദ്യമായിട്ട് ആയിരിക്കും. നിങ്ങളില്‍ ഒരു വിറയല്‍ ഉണ്ടാക്കാവുന്ന തരത്തില്‍ വയലന്‍റും ബ്രൂട്ടലുമായിരിക്കും അത്. റിലീസിന് മുന്‍പ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകള്‍ ഗൗരവത്തില്‍ എടുക്കാം. ഒരു രക്തച്ചൊരിച്ചില്‍ തന്നെയാവും നിങ്ങള്‍ സ്ക്രീനില്‍ കാണാന്‍ പോവുന്നത്" എന്നാണ് സിനിമയെ കുറിച്ച് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ ഹിറ്റായ 'കെ ജി എഫ്' ചിത്രത്തിന്റെ സംഗീത സംവിധായകനായ രവി ബസ്രൂർ ആണ് മാർക്കോയിൽ സംഗീതം ഒരുക്കുന്നത്. രവി ബസ്രുർ ആദ്യമായി സംഗീത സംവിധാനം ഒരുക്കുന്ന മലയാളസിനിമയാണ് മാർക്കോ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ , കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
0 comments