മാടിവിളിക്കുന്നു കുട്ടനാടിന്റെ ജലകൗതുകം
By John Joseph
Published on Nov 18, 2024, 10:34 AM | 1 min read
മങ്കൊമ്പ് > കുടുംബശ്രീ വനിതാ കൂട്ടായ്‌മയുടെ വാട്ടർ സ്‌പോർട്‌സ് എന്റർടെയ്‌ൻമെന്റ് പാർക്ക് ശ്രദ്ധേയമാകുന്നു. നീലംപേരൂർ പഞ്ചായത്ത് പയറ്റുപാക്കയിൽ പഞ്ചായത്തിന്റെയും വെളിയനാട് ബ്ലോക്കിന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ ജലകൃപ ഗ്രൂപ്പാണ് വാട്ടർ സ്‌പോർട്‌സ് എന്റർടെയ്‌ൻമെന്റ് പാർക്ക് ആരംഭിച്ചത്. പെഡൽ ബോട്ട്, കയാക്കിങ് വള്ളങ്ങൾ, കൊട്ടവഞ്ചി, തണ്ടുവള്ളം എന്നിവയാണ് ഒരുക്കിയത്.
വിനോദത്തിനൊപ്പം കുട്ടനാടൻ രുചികളും ഇവിടെ ആസ്വദിക്കാം. സഞ്ചാരികൾക്ക് ചൂണ്ടയിടാനും വലവീശി മീൻ പിടിക്കാനും സൗകര്യമുണ്ട്. ഓല മെടയൽ, പായ നെയ്‌ത്ത് എന്നിവ കാണാനും പഠിക്കാനും സൗകര്യമുണ്ട്. ഏപ്രിൽ 25 നാണ് പദ്ധതി ഉദ്ഘാടനംചെയ്‌തത്. പകൽ മൂന്നുമുതൽ ആറുവരെയാണ് ബോട്ടിങ്. ഷേർലി, സരസമ്മ, സന്ധ്യ, മണിയമ്മ, ശ്രീകല, മോളി എന്നിവരാണ് സംരംഭം നടത്തുന്നത്. കൂലിപ്പണി ചെയ്‌തും തൊഴിലുറപ്പ് ജോലിചെയ്‌തും ഉപജീവനം നടത്തിയിരുന്നവരാണ് ഇവർ. 2018 ലെ പ്രളയശേഷം ഉപജീവനം നഷ്‌ടപ്പെട്ടവർക്ക് കൈത്താങ്ങായി കേരള സർക്കാർ കുടുംബശ്രീ സഹായത്തോടെ ആരംഭിച്ച ആർകെഐഇഡിപി പദ്ധതിയിലൂടെയാണ് ഇവരുടെ ഗ്രൂപ്പിനെ കണ്ടെത്തിയത്.
0 comments