ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ച് ഉലച്ച് അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം... സ്റ്റോക്ക് റിവ്യൂ
By Rithu S N
Published on Nov 12, 2024, 10:58 AM | 0 min read
അമേരിക്കൻ തെരഞ്ഞടുപ്പ് ഫലം ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ച് ഉലച്ചു. വിദേശ ഓപ്പറേറ്റർമാർ നിഷേപം തിരിച്ചു പിടിക്കാൻ കാണിച്ച മത്സരത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആഭ്യന്തര ഫണ്ടുകൾക്കായില്ല. ഇതിനിടയിൽ ഡോളർ സൂചികയിലെ മുന്നേറ്റം കണ്ട് രാജ്യാന്തര ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപം തിരിച്ചു പിടിക്കാനും തിടുക്കം കാണിച്ചു. ബിഎസ്ഇ റിയാലിറ്റി സൂചിക നാല് ശതമാനവും പവർ ഇൻഡക്സ് രണ്ടര ശതമാനം കുറഞ്ഞു. അതേ സമയം ഐടി ഇൻഡക്സിൽ ഉണർവ് ദൃശ്യമായി. സെൻസെക്സ് 237 പോയിന്റ്റും നിഫ്റ്റി സൂചിക 156 പോയിന്റ്റും പ്രതിവാര നഷ്ടത്തിലാണ്. സെൻസെക്സ് 79,724 പോയിന്റിൽ നീങ്ങിയ അവസരത്തിലാണ് വിദേശ ഓപ്പറേറ്റർമാർ മുൻ നിര രണ്ടാം നിര ഓഹരി വിൽപ്പനയ്ക്ക് തിടുക്കം കാണിച്ചത്. ഇതോടെ സമ്മർദ്ദത്തിൽ അകപ്പെട്ട വിപണി 78,311 ലേയ്ക്ക് ഇടിഞ്ഞു. ആദ്യ തകർച്ച കണ്ട് ആഭ്യന്തര ഫണ്ടുകൾ രക്ഷകരായി രംഗത്ത് എത്തി വിപണിയെ 80,529 വരെ കൈപിടിച്ച് ഉയർത്തി. വിദേശ ഫണ്ടുകൾ വാരമദ്ധ്യം വീണ്ടും വിൽപ്പനക്കാരുടെ മേലങ്കി അണിഞ്ഞത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. സെൻസെക്സ് വ്യാപാരാന്ത്യം 79,486 പോയിന്റ്റിലാണ്. ഈ വാരം വിപണിക്ക് 78,349 - 77,212 പോയിന്റ്റിൽ താങ്ങും 80,576 - 81,666 ൽ പ്രതിരോധവുമുണ്ട്.
0 comments