സിവിൽ സർവീസസ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കാം
By John Joseph
Published on Nov 18, 2024, 11:26 AM | 1 min read
യൂണിയൻ പബ്ലിക്ക് സർവീസ് കമീഷൻ ഓരോ വർഷവും നടത്തി വരുന്ന ഏറ്റവും വലിയ മത്സരപരീക്ഷയാണ് സിവിൽ സർവീസസ് പരീക്ഷ. സിലബസിന്റെ വൈവിധ്യം, അപേക്ഷകരുടെ ബാഹുല്യം, പരീക്ഷയുടെ വിവിധഘട്ടങ്ങളിലെ നിലവാരവും മത്സരതീവ്രതയും പരീക്ഷയെ വ്യത്യസ്തമാക്കുന്നു. പരീക്ഷയ്‌ക്കുള്ള വിജ്‌ഞാപനം ജനുവരി 22 ന് പ്രസിദ്ധീകരിക്കും. പ്രിലിമിനറി മെയ് 25നും മെയിൻ പരീക്ഷ ആഗസ്‌തിലും നടക്കും.
ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഇന്ത്യൻ റവന്യു സർവീസ്, ഇന്ത്യൻ പോസ്റ്റൽ സർവീസ്, ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസ്, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ ഡിഫെൻസ് അക്കൗണ്ട്സ് സർവീസ് തുടങ്ങിയ കേന്ദ്രസർക്കാരിനു കീഴിലുള്ള 21 സേവന മേഖലകളിലെ ഉന്നത ജോലികളിലേക്കാണ് വർഷംതോറും സിവിൽ സർവീസസ് പരീക്ഷയിലൂടെ നിയമനം നടത്തുന്നത്. കഴിഞ്ഞ തവണ യുപിഎസ്‌സി ഇറക്കിയ സിവിൽ സർവീസസ് പരീക്ഷാവിജ്ഞാപനം1056 ഒഴിവുകൾക്ക് വേണ്ടിയായിരുന്നു.
എത്ര തവണ എഴുതാം
ജനറൽ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന പ്രായപരിധിക്ക് വിധേയമായി ആറു തവണയും ഒബിസി/ഭിന്നശേഷി വിഭാഗക്കാർക്ക് ഒമ്പത് തവണയും സിവിൽ സർവീസസ് പരീക്ഷ എഴുതാം. പട്ടികജാതി, വർഗ വിഭാഗത്തിലുള്ളവർക്ക് പ്രായപരിധിക്കുള്ളിൽ എത്ര അവസരവും പ്രയോജനപ്പെടുത്താം. പ്രിലിമിനറി പരീക്ഷയുടെ ഒരു പേപ്പറിന് ഹാജരായാൽ ഒരു അവസരമായി കണക്കാക്കും. പരീക്ഷാഫീസ് നൂറ് രൂപ . വനിതകളും പട്ടികജാതി, വർഗ, ഭിന്നശേഷിക്കാരും ഫീസ് നൽകേണ്ട.
യോഗ്യത
അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. മാർക്ക് നിബന്ധനയില്ല. ഡിഗ്രി അവസാന വർഷ ക്ലാസിൽ പഠിക്കുന്നവർക്കും ഇന്റേൺഷിപ് ചെയ്യുന്ന എംബിബിഎസ്/ ബിഡിഎസ് വിദ്യാർഥികൾക്കും അപേക്ഷിക്കാം. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമ്പോഴേക്കും യോഗ്യത തെളിയിച്ചാൽ മതി. പ്രായം 21നും 32 വയസ്സിനുമിടയിലായിരിക്കണം. ഒബിസി, പട്ടികജാതി, വർഗ വിഭാഗക്കാർക്ക് യഥാക്രമം മൂന്ന്/അഞ്ച് വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ട്. ഇത് വിമുക്തഭടന്മാർക്ക് മൂന്നുവർഷംമുതൽ അഞ്ചുവർഷംവരെയും ഭിന്നശേഷിക്കാർക്ക് പത്ത്‌വർഷംവരെയുമാണ്.
0 comments